ഇടയ്ക്ക് കാർഡിനൽ സ്കൂളിന്റെ മുന്നിലൂടെ കടന്ന് പോകുമ്പോൾ ഒന്ന് നിർത്താനും ഗേറ്റിന് ഉള്ളിലൂടെ നോക്കാനും തോന്നിപ്പിക്കുന്നത് എന്തായിരിക്കും? ഈ ചുവരുകളും ഇതിനുള്ളിലെ ലോകവും ഇതിനകത്തുള്ളവരും അന്യരാണ്.
ഇപ്പോൾ ഇതിനുള്ളിലായിരിക്കുന്നവരും ഇത് പോലെ നാളെ അവർക്ക് അന്യമായ മറ്റൊരു ലോകത്തിനകത്തേക്ക് നോക്കേണ്ടവരാണ്.
“It is not the place , it is the people”
ഇനിയുമൊരു നൂറു കൊല്ലം നിലനിൽക്കുന്നത് ഈ കെട്ടിടം ആയേക്കാം. പക്ഷെ, തലമുറയെ വാർത്തെടുക്കുന്നത് അദ്ധ്യാപകരും ഈ സ്കൂളിന് ജീവൻ നൽകുന്നത് ഇവിടത്തെ വിദ്യാർഥികളുടെ കളിചിരികളും ആണ്. ഈ വിദ്യാലയത്തെ “എന്റേത്” ആക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെട്ട ഓർമകളാണ്.
പഠിച്ചിറങ്ങിയിട്ട് പതിനാലു വര്ഷങ്ങളാകുന്നു. ഇവിടെയായിരിക്കുമ്പോളാണ് സ്കൂളിന്റെ ആദ്യ ദശാബ്ദ വാർഷികം ആഘോഷിക്കപ്പെടുന്നത്. വിദ്യാർഥിയായും പൂർവ്വവിദ്യാർഥിയായും, ഇടക്ക് ചെറിയ കാലയളവിൽ അദ്ധ്യാപകനായും സ്കൂളിന്റെ മാറ്റങ്ങൾ നോക്കിക്കണ്ടിട്ടുണ്ട്.
എല്ലാക്കാലത്തേക്കും നിലനിൽക്കുന്ന നല്ല സുഹൃദ്ബന്ധങ്ങളെ പറ്റിയോ ഓർമകളെ പറ്റിയോ അല്ല എഴുതാൻ ആഗ്രഹിക്കുന്നത്, ഒരു അദ്ധ്യാപകൻ ആകാൻ പ്രചോദനം നൽകിയ ഒരുപറ്റം അധ്യാപകരെ പറ്റി ആണ്. എഴുതാൻ പേടിയുള്ളത് ആരെയെങ്കിലും വിട്ടുപോയേക്കുമോ എന്നും.
ആദ്യ ദിവസം മുതൽ ഒരു പറ്റം അപരിചിതരെ ഒരു ക്ലാസ്സ് ആക്കി ദൃഢമാക്കിയ, പ്രിയപ്പെട്ട ക്ലാസ് ടീച്ചർ ഷീമ മിസ്,
എഴുതാനും വായിക്കാനും പ്രചോദനം തന്ന് ഭാഷയെ അത്രമേൽ സ്നേഹിപ്പിച്ച, ഓരോ പാഠഭാഗവും ഓരോ അനുഭവങ്ങളാക്കി വിസ്മയിപ്പിച്ച തോമസ് സർ,
ഗണിതം ഹൃദ്യമാക്കിയ, സയൻസ്-മാത്സ് എക്സിബിഷൻ നു നിരന്തരം പ്രോത്സാഹനം തന്നിരുന്ന മാർട്ടിൻ സർ,
ഒരു ഭൗതിക ശാസ്ത്ര അദ്ധ്യാപകൻ ആകാൻ പ്രചോദനം തന്ന ടെജി മിസ് ,
രസതന്ത്രത്തിന്റെ വിസ്മയങ്ങളിലേക്ക് കൊണ്ടുപോയ മഞ്ജു മിസ്,
ആശ്വാസ് മാസികയിലേക്ക് പ്രസിദ്ധീകരിക്കാൻ എഴുതാൻ പ്രചോദിപ്പിച്ച, യുവജനോത്സവങ്ങൾക്കു പ്രോത്സാഹനം തരുന്ന ടെസ്സി സിസ്റ്റർ,
വളരാനും കഴിവുകൾ വളർത്താനും ഇടവും അവസരങ്ങളും ഒരുക്കിയ അന്നത്തെ പ്രിൻസിപ്പൽ തോമസ് അച്ചൻ,
ഞങ്ങളുടെ കമ്പ്യൂട്ടർ സയൻസ് ബാച്ച് ന്റെ ഹൃദയമായ ജോജി സർ,
ലാബുകളിൽ ഞങ്ങൾക്ക് കൈത്താങ്ങാകുന്ന ആന്റോ ചേട്ടനും ഫിജി ചേച്ചിയും,
സ്കൂൾ ജീവിതത്തിലും അധ്യാപക ജീവിതത്തിലും, അപ്പോഴും പിൽക്കാലത്തും ഊർജസ്രോതസ്സായ , ഏറ്റവും മികച്ച പതിപ്പാകാൻ എന്നെയും കൂടെയുള്ളവരെയും എന്നും പ്രചോദിപ്പിക്കുന്ന മീനാമ്മ മിസ് ..
2008 -2020 ബാച്ചിലെ ഓരോരുത്തരെയും പഠിപ്പിച്ച, അവരവരുടെ കഥകളിൽ മായാതെ നിൽക്കുന്ന, ഇവിടെ പറയപ്പെടാതെ പോയ ഓരോ അദ്ധ്യാപകരും ഞങ്ങളുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലുണ്ട്. നാളെ നിങ്ങളുടെയും.
പാഠപുസ്തകങ്ങളിലെ അറിവുകൾ ചിലപ്പോ മറന്നു പോയേക്കാം.
“Education is what remains after one has forgotten what one has learned in school” – Albert Einstein
അങ്ങനെയെങ്കിൽ ഇന്നും മറക്കാതെ നിക്കുന്നത് ഇവർ തന്ന പ്രോത്സാഹനങ്ങളാണ് , ജീവിത പാഠങ്ങളാണ്.
നന്ദി .


